Sunday, April 15, 2007

മഴത്തുള്ളികള്‍

ചാറ്റല്‍മഴയില്‍ കുതിര്‍ന്ന ഒരു പകലില്‍ ജാലകപ്പഴുതിലൂടെ പുറത്തേക്കു നോക്കി എന്റെ കനവുകളുടെ മധുരത്തിലൂടെ യാത്രചെയ്യുമ്പോള്‍ ഞാന്‍ പിന്നില്‍ കേട്ടത്‌ വളകിലുക്കവും കുറേ കിതപ്പുകളും.
ഞാന്‍ തിരിഞ്ഞു നോക്കി.
അവളാണ്‌.
എന്തേ കിതക്കുന്നത്‌. ഞാന്‍ ചോദിച്ചു.
ഓടിയാ വന്നത്‌.മഴ ചാറിത്തുടങ്ങി.
അവളുടെ പട്ടുപാവാടയില്‍ ചാറ്റല്‍മഴയുടെ നനവിന്റെ പൊട്ടുകള്‍.
കുറേ നനഞ്ഞുവോ? ഇല്ല! ഞാന്‍ ഓടിപ്പോന്നു.
കിതപ്പിലുയരുന്ന മാറിടം നോക്കി അവളുടെ ഓട്ടത്തിന്റെ വേഗത ഞാന്‍ ഊഹിച്ചു.
തോര്‍ത്തിക്കോളൂ.. പനി വരും.
വേണ്ട.
നിന്റെ ചുരുളന്‍ മുടി നിറയെ മഴത്തുള്ളികളാണ്‌.
അവള്‍ കൗതുകത്തോടെ ചിരിച്ചു.
ഞാന്‍ അവളെ അരികിലേക്കു വിളിച്ചിട്ടു ചോദിച്ചു.
എനിക്കു തരുമോ കുറച്ചു മഴത്തുള്ളികള്‍.
എന്തിനാ...
സൂക്ഷിച്ചു വയ്ക്കാന്‍. എന്റെ സ്പ്ഫടിക കുപ്പിയിലാക്കി എന്നന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാന്‍.
ഉടയ്ക്കാതെ എടുക്കാന്‍ പറ്റുമോ ?
നോക്കട്ടെ. ഞാന്‍ പതിയെ അവളുടെ മുടിയിഴകളില്‍ പറ്റിയിരുന്ന മഴത്തുള്ളികളോരോന്ന്‌ എന്റെ സ്ഫടിക കുപ്പിയിലേക്ക്‌ പകര്‍ന്നെടുത്തു.
സ്ഫടികകുപ്പിക്കു വശങ്ങളിലൂടെ അവ്യക്തമായി താഴേക്കിറങ്ങിയ മഴത്തുള്ളികളെ നോക്കി അവള്‍ ചോദിച്ചു, എല്ലാം ഉടഞ്ഞു പോയല്ലോ!
എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല!
അമ്മ വിളിക്കും ഞാന്‍ പോകട്ടെ. അവള്‍ എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ തിരിഞ്ഞു നടന്നു.
ജാലകത്തിലൂടെ ഞാന്‍ വീണ്ടും പുറത്തേക്കു നോക്കുമ്പോള്‍ ശകതിയാര്‍ജ്ജിച്ച മഴയിലൂടെ പാവാടത്തുമ്പും പൊക്കിപ്പിടിച്ച്‌ അവള്‍ ഓടി മറയുന്നുണ്ടായിരുന്നു.
ഞാന്‍ എന്റെ സ്ഫടിക കുപ്പി തുറന്നു വച്ചു. അതിനകത്തെ മഴത്തുള്ളികള്‍ ബാഷ്പീകരിക്കട്ടെ.

3 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

swaram said...

ഉണ്ണീ,
ഒരു മഴക്കാലത്തോടൊപ്പാം എവിടേയ്ക്കോ പോയ്മറഞ്ഞ ഒരു നല്ല വികാരം...നഷ്ടസ്വപ്നങ്ങളാണല്ലോ പ്രവാസത്തിന്റെ ആകെയുള്ള സമ്പാദ്യം, ജീവിതത്തിന്റെയും.
നന്മയുടെ പുതുമണമുള്ള നല്ല വരികള്‍. ഇനിയും എഴുതുക. കാത്തിരിക്കും.

ഓന്ത് said...

ഔദ്യോഗികജീവിതത്തിന്റെ തിരക്കു പിടിച്ച നിമിഷങ്ങളില്‍ വല്ലപ്പോഴും വീണു കിട്ടുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ വെറുതേ കുറിക്കുന്ന വരികള്‍.
ഇഷ്ടമായെന്നറിഞ്ഞു സന്തോഷിക്കുന്നു.
നന്ദി സ്വരം.